ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന ഉത്തരവുമായി പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. തത്സമയം ആണെങ്കിലും റെക്കോർഡ് ചെയ്തതാണെങ്കിലും ഇത്തരം പ്രസംഗങ്ങൾ ടിവികളിൽ കാണിക്കുന്നത് നിർത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫും രംഗത്തെത്തിയിട്ടുണ്ട്.
ടിവിയിൽ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ നിരോധിക്കുന്നതിലൂടെ കൂടുതൽ വോട്ടുകൾ നേടാനാകുമെന്നാണ് അവർ കരുതുന്നത്. പക്ഷേ അത് ചാനലുകളുടെ വരുമാനത്തിന് ദോഷം വരുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അവർക്കറിയില്ലെന്ന് പിടിഐ ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വഞ്ചകനാണെന്നും പിടിഐ ആരോപിച്ചു. പാർട്ടിയുടെ യൂട്യൂബ് ചാനലുകളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുമെല്ലാം ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തുടർന്നും സംപ്രേഷണം ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഇന്നലെയാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. എന്നാൽ പോലീസിന് പിടികൊടുക്കാതെ ഇമ്രാൻ ഖാൻ വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്‌തെന്നാണ് ഇമ്രാനെതിരായ ആരോപണം.
Discussion about this post