ന്യൂഡൽഹി: ഇന്ത്യയിൽ നടത്തുന്ന യാത്രയിലെ ഓരോ നിമിഷങ്ങളും പുതിയ അനുഭവങ്ങളും ആസ്വദിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ അടുത്തിടെ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു, കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ സുഹൃത്തും വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയെ സന്ദർശിച്ചത്.
മഹീന്ദ്രയുടെ ട്രിയോ ഇലക്ട്രിക് റിക്ഷ ഓടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇ-റിക്ഷ ഓടിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാർബൺ മുക്തമായ ലോകത്തിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറയുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
” വികസനത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം ഇപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഒറ്റ ചാർജിൽ 131 കിലോമീറ്റർ വരെ സഞ്ചരിക്കാനും നാല് ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഇലക്ട്രിക് റിക്ഷയാണ് ഞാൻ ഓടിച്ചത്. ഗതാഗത വ്യവസായത്തിൽ കാർബൺ മുക്ത ലക്ഷ്യമിട്ട് മഹീന്ദ്രയെ പോലുള്ള കമ്പനികൾ നൽകുന്ന സംഭാവന പ്രചോദനകരമാണെന്നും” ബിൽ ഗേറ്റ്‌സ് പറയുന്നു.
ഇന്ത്യയിൽ 2.92 മുതൽ 3.02 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ട്രിയോ ഇ-റിക്ഷയുടെ എക്സ് ഷോറൂം വില. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് മണിക്കൂർ 50 മിനിട്ട് കൊണ്ട് വാഹനം പൂർണമായും ചാർജ് ചെയ്യാം.
Discussion about this post