ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലേയും നാഗാലാൻഡിലേയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 10 മണിക്ക് ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. അവിടെ നിന്ന് മേഘാലയയിലേക്ക് പോകും. കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എൻപിപി, ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് തുടങ്ങിയ പാർട്ടികളാണ് സാംഗ്മ ചെയർമാനായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാകുന്നത്.
പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി തുടങ്ങിയ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. 11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാംഗ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് എൻപിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.
ഷില്ലോങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കൊഹിമയിലേക്ക് പോകും. ഇവിടെ നാഗാലാൻഡ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. എൻഡിപിപിയുടെ നെയ്ഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. നാളെ അസമിൽ മണിക് സാഹ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിന് ശേഷം അദ്ദേഹം ന്യൂഡൽഹിയിലേക്ക് മടങ്ങുമെന്നും നേതാക്കൾ അറിയിച്ചു.
Discussion about this post