ബംഗളൂരു: ഐഎസ്ആർഒ 2011ൽ വിക്ഷേപിച്ച ഉപഗ്രഹം ഇന്ന് നിയന്ത്രണ വിധേയമായി തിരിച്ചിറക്കുന്നു. 2011 ഒക്ടോബറിൽ വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാ പഠന ഉപകരണമാണ് തിരിച്ചിറക്കുക. വൈകിട്ട് 4.30നും 7.30നും ഇടയിൽ പസഫിക് സമുദ്രത്തിലാണ് ഉപഗ്രഹം പതിക്കുന്നത്. തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 3800ഓളം കിലോമീറ്റർ അകലെയായിട്ടാണ് ഇത്.
തിരിച്ചിറക്കുന്ന ഉപഗ്രഹം കാലഹരണപ്പെട്ടതാണ്. ഇതിൽ 125 കിലോ ഇന്ധനം ബാക്കിയുണ്ട്. 870 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോഴുള്ളത്. ഇതിനെ 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് താഴ്ത്തിയതിന് ശേഷം ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന് സാധിച്ചില്ലെങ്കിൽ താഴ്ന്ന ഭ്രമണപഥത്തിൽ തന്നെ ഇതിനെ നിലനിർത്തും.
നേരത്തേയും പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും, അവ അതിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തവയാണ്. മേഘ ട്രോപിക്‌സ്-1 അങ്ങനെ രൂപകൽപ്പന ചെയ്തത് അല്ല എന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി. ബഹിരാകാശ മാലിന്യം വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്.
ഉപഗ്രഹം തിരിച്ചിറക്കാൻ സാധിച്ചില്ലെങ്കിൽ 100 വർഷത്തോളം ഇത് ഭ്രമണപഥത്തിൽ തന്നെ തുടരും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്നാണ് മേഘ ട്രോപിക്‌സ്-1 വിക്ഷേപിച്ചത്.
Discussion about this post