ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 400 വനവാസി യുവാക്കൾ ആന്റി-മാവോയിസ്റ്റ് പാരാമിലിറ്ററി ബറ്റാലിയന്റെ ഭാഗമാകുന്നു. കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളായ ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് നിയമനം ലഭിച്ചത്. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായിട്ടാണ് കോൺസ്റ്റബിൾമാരുടെ പുതിയ ബാച്ചിനെ നിയമിക്കാൻ സിആർപിഎഫ് തീരുമാനിച്ചത്.
ബസ്തർ ജില്ലയുടെ പേരിലുള്ള ‘ബസ്തരിയ ബറ്റാലിയന്റെ’ ഭാഗമാണ് ഇവരിൽ ഭൂരിഭാഗവും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് സിആർപിഎഫിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശീലനവും നൽകിയിട്ടുണ്ട്. യോഗ്യത നേടിയ 400 യുവാക്കൾക്കും നിയമന ഉത്തരവ് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനം ലഭിച്ചവർക്ക് പ്രാദേശിക ഭാഷ അറിയാം, ഭൂപ്രകൃതി പരിചിതമാണ്, തീവ്രവാദികളെക്കുറിച്ച് എളുപ്പത്തിൽ രഹസ്യാന്വേഷണം നടത്താനാകും എന്നതെല്ലാമാണ് മേഖലയിൽ നിന്ന് തന്നെയുള്ളവരെ സേനയുടെ ഭാഗമാക്കുന്നതിന്റെ ഗുണങ്ങളായി എടുത്ത് പറയുന്നത്.
ബസ്തരിയ ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്ന ഉത്തരവ് 2016ലാണ് കേന്ദ്രം പുറപ്പെടുവിച്ചത്. ഛത്തീസ്ഗഡിലെ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ പ്രവർത്തനങ്ങളും നടപടികളും സ്വീകരിക്കുക എന്നതാണ് ഇവരുടെ ചുമതല. ബസ്തർ മേഖലയിൽ നിന്ന് തന്നെ ഉള്ളവരാണ് ഇവരിൽ നല്ലൊരു ശതമാനം ആളുകളും. പ്രദേശത്തെ ജനങ്ങൾ കമ്മ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങളിലേക്ക് പോകാതെ ഇത്തരം ജോലികളിലേക്ക് തിരിയാനും പുതിയ റിക്രൂട്ട്‌മെന്റ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ജോലി ലഭിക്കുന്നതിന് മേഖലയിലെ ആളുകൾക്കായി ശരീര ഭാരം, ഉയരം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിരുന്നു. അതേസമയം വനവാസി യുവാക്കൾ സിആർപിഎഫിലോ സംസ്ഥാന പോലീസ് സേനയിലോ ചേരുന്നതിനെതിരെ സിപിഐ (മാവോയിസ്റ്റ്) പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post