മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വരും ആഴ്ചകളില്‍ വീണ്ടും നിരവധി ജീവനക്കാരെ പിരിച്ചുവിടാനിരിക്കുകയാണ്. കഴിഞ്ഞിടെ നടന്ന തൊഴില്‍ പ്രകടനം സംബന്ധിച്ച അവലോകനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് കമ്പനി ശരാശരിയിലും താഴെ റേറ്റിംഗ് നല്‍കിയതാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകാനുള്ള കാരണം. നേരത്തെ 12,000ത്തോളം ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടിരുന്നത്.
ലക്ഷ്യത്തിലൂന്നിയ ഉന്നത നിലവാരത്തിലുള്ള തൊഴില്‍ പ്രകടന സംസ്‌കാരമാണ് മെറ്റയിലുള്ളതെന്നും ദീര്‍ഘകാല ചിന്തയും ഉന്നത നിലവാരത്തിലുള്ള തൊഴിലും ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ തൊഴില്‍ നിലവാര അവലോകനമെന്നും മെറ്റ വക്താവ് അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടനുസരിച്ച് പത്ത് ശതമാനം ജീവനക്കാര്‍ക്ക് മെറ്റ മീറ്റ്‌സ് മോസ്റ്റ് എന്ന കമ്പനിയിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ റേറ്റിംഗുകള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ജീവനക്കാര്‍ കമ്പനി വിടേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ജീവനക്കാര്‍ സ്വയം രാജിവെക്കാത്ത പക്ഷം കമ്പനി പിരിച്ചുവിടലിലേക്ക് കടന്നേക്കും.
2023 മെറ്റയ്ക്ക് കാര്യക്ഷമതയുടെ വര്‍ഷമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ജീവക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി കാര്യക്ഷമത നിലനിര്‍ത്താനായിരിക്കും കമ്പനിയുടെ ശ്രമം. കമ്പനി ഘടന പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണെന്നും താഴെത്തട്ടിനും മുകള്‍ത്തട്ടിനും ഇടയിലുള്ള മാനേജ്‌മെന്റിലെ ചില വിഭാഗങ്ങളെ നീക്കി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കുറച്ചുകൂടി വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മെറ്റ അറിയിച്ചിരുന്നു.
എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്താന്‍ ചില എഐ ടൂളുകള്‍ ഉപയോഗിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ മെറ്റ ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.












