ഇസ്ലാമാബാദ്: ഷെരീഫ് സർക്കാർ തനിക്കെതിരെ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അത് വൈകാതെ തന്നെ നൂറിലെത്തുമെന്നും മുൻ പാകിസ്താൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാനെതിരെ കഴിഞ്ഞ ദിവസം രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
” എന്റെ പേരിൽ ഇപ്പോൾ 76 കേസുകളായിരിക്കുകയാണ്. നൂറ് കേസുകളിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. ഏറ്റവും അവസാനമായി കേസ് രജിസ്റ്റർ ചെയ്തത് , ഡേർട്ടി ഹാരിയുടെ പീഡനവും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ്” ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയാണ് ഇസ്ലാമാബാദിലും ക്വറ്റയിലുമായി ഇമ്രാനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഇമ്രാൻ ഉൾപ്പെടെ 150 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇസ്ലാമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ പരാതിയിലാണ് ഈ കേസ്.
അതേസമയം പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ഇമ്രാൻ വ്യക്തമാക്കിയിട്ടുണ്ട്. സമാൻ പാർക്കിലെ വസതിയിൽ നിന്ന് ആരംഭിക്കുന്ന റാലി ഡാറ്റ ദർബാറിൽ അവസാനിക്കും. സുരക്ഷാ ഭീഷണിയുള്ളതിനാൽ വലിയ മുന്നൊരുക്കങ്ങളോടെയാണ് റാലി നടത്തുന്നത്.
പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകാതെ നടത്തണമെന്ന് പാക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ജനുവരി 14നും 18നുമാണ് ഇവിടുത്തെ നിയമസഭകൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീംകോടതി നിർദ്ദേശം.
Discussion about this post