സൂറത്ത്: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് കൽപ്പിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി ഉന്നതപഠനം പൂർത്തിയാക്കി അഫ്ഗാൻ യുവതി. റസിയ മുറാദി എന്ന യുവതിയാണ് ഗുജറാത്തിലെത്തി സ്വർണ മെഡലോടെ ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്ക് മാതൃകയായത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത് . എനിക്കൊരു അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം അവർ പറഞ്ഞു.
വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംഎ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അഫ്ഗാൻ പൗരനായ മുറാദി സ്വർണമെഡൽ നേടിയത്. മൂന്ന് വർഷത്തോളമായി അഫ്ഗാനിലുള്ള തന്റെ കുടുംബത്തെ പിരിഞ്ഞാണ് മുറാദിയുടെ പഠനമത്രയും. 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടിയാണ് മുറാദി ഒന്നാമതെത്തിയത്. 2022 ഏപ്രിലിലാണ് റസിയ മുറാദിഎംഎ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മെഡൽദാന ചടങ്ങ്
പഠനം പൂർത്തിയാക്കാൻ എനിക്ക് ഈ അവസരം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റ്, ഐസിസിആർ, വിഎൻഎസ്ജിയു, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് വിലക്കിയ താലിബാന്റെ നടപടി ലജ്ജാകരമാണെന്ന് മുറാദി വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) സ്‌കോളർഷിപ്പോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 14,000 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ പഠിക്കുന്നത്.
Discussion about this post