ചരിത്രപുസ്തകങ്ങള്‍ മിക്കപ്പോഴും പുരുഷന്മാരുടെ വീരകഥകളുടേതായിരുന്നു. അവരിലൂടെ രൂപപ്പെട്ട ചരിത്രമാണ് ലോകമറിഞ്ഞതും പഠിച്ചതും. പക്ഷേ ചരിത്രത്തിന് വിസ്മരിക്കാനാകാത്ത വനിതകളും ഈ ലോകത്ത് ജീവിച്ചിരുന്നു. അവരില്‍ ചിലരുടെയെങ്കിലും വീരകഥകള്‍ ഇപ്പോള്‍ ലോകം പൊടി തട്ടിയെടുക്കുന്നുണ്ട്. തങ്ങളുടെ ധീരമായ ഇടപെടലുകളിലൂടെ ചരിത്രഗതിയെ മാറ്റിവരച്ച ലോകത്തിലെ ശക്തരായ ചില വനിതകളെ പരിചയപ്പെടാം.
റാണി ലക്ഷ്മിഭായി
ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാന്‍സിറാണിയെന്ന റാണി ലക്ഷ്മിഭായി. പുരുഷ പോരാളികള്‍ക്കൊപ്പം നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഝാന്‍സി റാണിയെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ല. ഝാന്‍സി മഹാരാജാവായിരുന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടപ്പോള്‍ സധൈര്യം രാജ്യത്തിന്റെ സംരക്ഷണം ഏറ്റെടുത്തവളാണ് ലക്ഷീഭായി. രാജ്യത്തെ ധീരരായ വനിതകള്‍ക്ക് ആയുധ പരിശീലനം നല്‍കി അവരെയും യുദ്ധത്തില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നീട് യുദ്ധത്തില്‍ തോറ്റെങ്കിലും ഝാന്‍സി റാണി ശത്രുക്കള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നു. 1858ലെ ഒരു യുദ്ധത്തില്‍ തന്റെ 29ാം വയസ്സിലാണ് ലക്ഷ്മിഭായി കൊല്ലപ്പെടുന്നത്.
രാജകുമാരി പിന്‍ഗ്യാംഗ്
പേരിലൊരു രാജകുമാരി ഉണ്ടെങ്കിലും ജന്മം കൊണ്ട് രാജകുടുംബാംഗമായിരുന്നില്ല പിന്‍ഗ്യാംഗ്. ജനപ്രീതിയില്‍ ഏറെ പിന്നിലായിരുന്ന യാംഗ് ചക്രവര്‍ത്തിയുടെ ആര്‍മി ജനറലിന്റെ മകളായിരുന്നു അവര്‍. എത്ര മനുഷ്യജീവനുകള്‍ പൊലിഞ്ഞാലും ചൈനയില്‍ വന്‍മതില്‍ പണിയണമെന്ന ചിന്ത മാത്രമുണ്ടായിരുന്ന രാജാവായിരുന്നു യാംഗ്. തനിക്കെതിരെ നില്‍ക്കുമെന്ന് തോന്നിയ നിരവധി ജനറല്‍മാരെ രാജാവ് വകവരുത്താന്‍ ഉത്തരവിട്ടിരുന്നു. അക്കൂട്ടത്തില്‍ പിന്‍ഗ്യാംഗിന്റെ പിതാവായ ലി യുവാനും ഉണ്ടായിരുന്നു. തന്നെ കൊല്ലാന്‍ രാജാവിന് പദ്ധതിയുണ്ടെന്ന് മനസിലാക്കിയ ലി യുവാന്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടു. പിന്‍ഗ്യാംഗ് അതില്‍ പങ്കുചേര്‍ന്നു. 70,000 ജനങ്ങളുടെ ശക്തമായ പടയെ അവള്‍ സജ്ജമാക്കി. ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഒരേസമയം ജനങ്ങള്‍ ഏറെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ജനറലായി പിന്‍ഗ്യാംഗ് മാറി. അവളുടെ പിതാവിന്റെ നേതൃത്വത്തിലുള്ള ജനകീയ പട രാജാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പിന്‍ഗ്യാംഗ് രാജകുമാരിയായി. ചൈനയുടെ ചരിത്രത്തില്‍ സൈനിക ബഹുമതികളോടെ സംസ്‌കരിക്കപ്പെട്ട ഏക വനിതയാണ് പിന്‍ഗ്യാംഗ്.
ബൗഡിക്ക
റോമന്‍ സൈന്യത്തിന്റെ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കി പ്രതികാരത്തിന്റെ പെണ്‍രൂപമായി ചരിത്രത്തിലിടം നേടിയ ബ്രിട്ടണ്‍ രാജ്ഞിയാണ് ബൗഡിക്ക. ഐസീനി ഗോത്രത്തിന്റെ രാജാവായിരുന്ന പിതാവ് മരിച്ചതിന് ശേഷം അടുത്ത ഭരണാധികാരിയാകാനുള്ള ബൗഡിക്കയുടെ അവകാശത്തെ റോമന്‍ സൈന്യം ഇല്ലാതാക്കുകയും അവളെയും മക്കളെയും ആട്ടിയോടിക്കുകയും ആയിരുന്നു. പക്ഷേ ബൗഡിക്ക വെറുതേയിരുന്നില്ല. ബ്രിട്ടനിലെ പല ഗോത്രവിഭാഗക്കാരെയും ഒരുമിച്ചുകൂട്ടി അവര്‍ റോമന്‍ സൈന്യത്തോട് എതിരിട്ടു. ബ്രിട്ടനിലെ പടിഞ്ഞാറന്‍ തീരത്ത് കലാപമുണ്ടാക്കി റോമന്‍ സേനയുടെ ശക്തമായ മൂന്ന് കോട്ടകള്‍ നശിപ്പിക്കുകയും റോമിലെ കുപ്രസിദ്ധ ഒമ്പതാം ലീജിയണെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുകയും ചെയ്തു ബൗഡിക്ക. ലണ്ടന് പുറത്ത് വെച്ച് റോമന്‍ സൈന്യം വളഞ്ഞപ്പോള്‍ പിടികൊടുക്കാതെ സ്വന്തം ജീവനെടുത്ത് ബൗഡിക്ക ജീവിതം അവസാനിച്ചു.
ഒല്‍ഖ ഓഫ് കീവ്
പ്രാചീന യൂറോപ്പിലെ സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു ഒല്‍ഖ ഓഫ് കീവ്. ഭര്‍ത്താവിന്റെ മരണത്തോടുള്ള ഒല്‍ഗയുടെ പ്രതികാരം സമാനതകളില്ലാത്തതായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് കാരണമായ ഡ്രെവിലിയന്‍ ഗോത്രത്തെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കി. അതുമാത്രമല്ല, വിദ്വേഷങ്ങള്‍ക്ക് തുടക്കമിട്ട നിയമങ്ങളെല്ലാം ഒല്‍ഖ പരിഷ്‌കരിച്ചു. ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ നിയമ പരിഷ്‌കരണമായിരിക്കും ഒല്‍ഖയുടേത്. പിന്നീട് ക്രൈസ്തവ മതം സ്വീകരിച്ച ഒല്‍ഖ, യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാര്‍ക്ക് തുല്യയായി വിശുദ്ധയായി വാഴ്ത്തപ്പെട്ടു. ചരിത്രത്തില്‍ അഞ്ച് വനിതകള്‍ക്ക് മാത്രമാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
കാതറിന്‍ ദ ഗ്രേറ്റ്
ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ വനികളില്‍ ഒരാളാണ് കാതറിന്‍ ദ ഗ്രേറ്റ്. റഷ്യയെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് കാതറിന്‍ ആണ്. സ്വന്തം ഭര്‍ത്താവില്‍ നിന്നുമാണ് കാതറിന്‍ രാജ്യഭരണം പിടിച്ചെടുത്തത്. കലയുടെയും സംസ്‌കാരത്തിന്റെയും പ്രചാരത്തിനായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയ കാതറിന്‍ ഓട്ടോമാന്‍ സാമ്രാജ്യത്തെ വിജയകരമായി തുരത്തുകയും മൂന്ന് ഭൂഖണ്ഡങ്ങളിലേക്ക് റഷ്യന്‍ സാമ്രാജ്യം വളര്‍ത്തുകയും ചെയ്തു.
ഹാറ്റ്‌ഷെപ്‌സുത്
പ്രാചീന ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിലെ ഭരണാധികാരി ആയിരുന്ന ഹാറ്റ്‌ഷെപ്‌സുത് ബിസിഇ 1479 മുതല്‍ 1458 വരെയാണ് ഈജിപ്ത് ഭരിച്ചത്. ഈജിപ്ഷ്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ വനിത ഫറോ എന്ന് മാത്രമല്ല, ഈജിപ്തിലെ ഏറ്റവും മികച്ച ഫറോകളില്‍ ഒരാളെന്നും ചരിത്രം ഹാറ്റ്‌ഷെപ്‌സുതിനെ വാഴ്ത്തുന്നു. തന്റെ ഭരണകാലത്ത് നഷ്ടപ്പെട്ടുപോയ നിരവധി വ്യാപാരബന്ധങ്ങള്‍ വീണ്ടെടുക്കാനും ഈജിപ്ഷ്യന്‍ സാമ്രാജ്യം ലവാന്തിലേക്കും നൂബിയയിലേക്കും വ്യാപിപ്പിക്കാനും അവര്‍ക്ക് സാധിച്ചു.
ക്ലിയോപാട്ര
സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പേരിലാണ് ക്ലിയോപാട്ര പ്രശസ്തയെങ്കിലും ബിസിഇ ആദ്യ നൂറ്റാണ്ടിലെ ടോളമി രാജപരമ്പിലെ അവസാനത്തെ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര. കുടില തന്ത്രങ്ങളിലൂടെ ഭരണം നിലനിർത്താൻ ശ്രമിച്ച ക്ലിയോപാട്ര മിക്കപ്പോഴും പ്രണയമായിരുന്നു അതിനുള്ള ആയുധമാക്കി മാറ്റിയത്.
Discussion about this post