കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. വയനാട്ടിലേക്കാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ആയിരുന്ന ഉമേഷ് എൻ.എസ്.കെ എറണാകുളം കളക്ടറാകും.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കളക്ടർക്കെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ ഇടത്പക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനെ കളക്ടറും നിശിതമായി വിമർശിച്ചിരുന്നു. മാലിന്യ സംസ്‌കരണത്തിൽ കൊച്ചി കോർപ്പറേഷന് ഗുരുതരമായ വീഴ്ച ഉണ്ടായെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ കളക്ടറുടെ വിമർശനം. പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായത്.
വയനാട് ജില്ലാ കളക്ടറായിരുന്ന എ.ഗീതയെ കോഴിക്കോട് കളക്ടറായിട്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തൃശൂർ ജില്ലാ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഐടി മിഷന്റെ ചുമതല ഉണ്ടായിരുന്ന സ്‌നേഹിത് കുമാർ സിംഗ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസർ എന്ന ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്.
Discussion about this post