ന്യൂഡെല്‍ഹി: ഹോട്ടല്‍ ശൃംഖലയായ ഓയോയുടെ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ വിവാഹിതനായി. റിതേഷും ഗീതാന്‍ഷ സൂദും തമ്മിലുള്ള വിവാഹം ഇന്നലെയാണ് നടന്നത്. ഡെല്‍ഹിയില്‍ വെച്ച് നടന്ന വിവാഹ വിരുന്നില്‍ സോഫ്റ്റ്ബാങ്ക് മേധാവി മസൊയോഷി സണ്‍ അടക്കം കോര്‍പ്പറേറ്റ് ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.
29കാരനായ റിതേഷ് രാജ്യത്തെ പ്രായം കുറഞ്ഞ ശതകോടീശ്വരില്‍ ഒരാളാണ്. 2013ല്‍ തന്റെ പത്തൊമ്പതാം വയസ്സിലാണ് റിതേഷ് ഒായോയ്ക്ക് തുടക്കമിടുന്നത്. നിലവില്‍ ഓയോയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ജപ്പാനിലെ വ്യവസായ ശൃംഖലയായ സോഫ്റ്റ്ബാങ്ക്. പേടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മ്മ, ലെന്‍സ്‌കാര്‍ട്ട് മേധാവി പീയുഷ് ബെന്‍സാല്‍ അടക്കം നിരവധി വ്യവസായ പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുത്തു.
ചിരിയോടെ സന്തോഷത്തോടെ മാസ ഇന്ത്യന്‍ സന്ദര്‍ശനം ആസ്വദിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സന്തോഷമെന്ന അടിക്കുറിപ്പോടെ പേടിഎം മേധാവി ട്വിറ്ററില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളില്‍ വിശ്വാസമര്‍പ്പിച്ചതിനും പിന്തുണച്ചതിനും മാസയ്ക്ക് ഏറെ നന്ദിയുണ്ടെന്നും വിജയ് ശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
Ultimate joy today, seeing Masa smiling, happy and enjoying his India trip.
Everyone of us had tons of gratitude for his belief and support given to our Startups. pic.twitter.com/pt33w0AwyE— Vijay Shekhar Sharma (@vijayshekhar) March 7, 2023
കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും റിതേഷിനും ഗീതാന്‍ഷയ്ക്കും ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ മാസം റിതേഷും മാതാവും ഗീതാന്‍ഷുവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇരുവരും പ്രധാനമന്ത്രിയുടെ പാദം തൊട്ട് അനുഗ്രഹം വാങ്ങുന്ന ഫോട്ടോ അന്ന് ഓണ്‍ലൈനില്‍ പങ്കുവെക്കുകയും ചെയ്തു.വിവാഹത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും റിതേഷും ഗീതാന്‍ഷുവും സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതിയുമായി ഒഡീഷയില്‍ സംസാരിച്ചത് നാടിന്റെ പ്രതീതിയുളവാക്കിയെന്ന അടിക്കുറിപ്പോടെയാണ് അന്ന് റിതേഷ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചത്.
ബജറ്റ് ഹോട്ടലുകളുമായി സഹകരിച്ച് കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യം ഒരുക്കുന്ന ഓയോ ഹോട്ടല്‍ ശൃംഖല നിലവില്‍ രാജ്യത്തിനകത്തും പുറത്തുമായി ഏതാണ്ട് 800 നഗരങ്ങളിലാണ് സേവനം നല്‍കുന്നത്.
Discussion about this post