കുഞ്ഞുങ്ങളുടെ കരച്ചില്‍ കണ്ടാല്‍ മനസ്സലിയും, അത് ആനയ്ക്കാണെങ്കിലും. ഇന്നലെ കോയമ്പത്തൂരിലുണ്ടായ ഒരു സംഭവം വ്യക്തമാക്കുന്നത് അതാണ്. ആനയുടെ ചിന്നംവിളികേട്ട് ഒപ്പമുള്ള കുഞ്ഞിനെയും കൊണ്ട് ഓടിരക്ഷപ്പെടാനൊരുങ്ങിയ ബാലാമണിയെന്ന സ്ത്രീയെയാണ് ആന ആദ്യം നിലത്തേക്ക് തള്ളിയിടുകയും പിന്നീട് ഒപ്പമുള്ള കുഞ്ഞിന്റെ കരച്ചില്‍ കണ്ട് വെറുതെ വിടുകയും ചെയ്തത്.
ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയായിരുന്നു സംഭവം. സഹോദരന്റെ മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലാമണി ആനയുടെ ചിന്നംവിളി കേട്ട് കുഞ്ഞിനെയും കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന ബാലാമണിയെ തള്ളിതാഴെയിട്ടു. പക്ഷേ ഇതുകണ്ട് പേടിച്ച കുട്ടി ഉറക്കെ കരഞ്ഞതോടെ ആന ബാലാമണിയെ വിട്ട് പിന്‍വാങ്ങി. പിന്നീട് അയല്‍ക്കാര്‍ ബാലാമണിയെ ആശുപത്രിയിലെത്തിച്ചു. ആന തള്ളി താഴെയിട്ടത് മാത്രമേ ഓര്‍മ്മയുള്ളുവെന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് ഉണര്‍ന്നതെന്നും പിന്നീട് ബാലാമണി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടി ഒപ്പമുണ്ടായിരുന്നത് കൊണ്ടുമാത്രമാണ് ആന ബാലാമണിയെ വെറുതെവിട്ടതെന്ന് കുട്ടിയുടെ അമ്മയായ രേവതി പറയുന്നു. വെള്ളമില്ലാത്ത അവസ്ഥ കാരണം ആനാലിക്കാട്ടി മേഖലയില്‍ മൃഗശല്യം രൂക്ഷമാണ്. ഇവിടുത്തെ ആള്‍ത്താമസമുള്ള മേഖലകളില്‍ ആനകള്‍ വരുന്നത് ഇപ്പോള്‍ പതിവാണ്.
Discussion about this post