പറ്റ്‌ന: സ്ഥലം കൈക്കൂലിയായി വാങ്ങി ജോലി നൽകിയ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) പരിശോധന. ഡൽഹിയിലെ വസതിയിലും പറ്റ്‌ന, റാഞ്ചി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ 23 ഇടങ്ങളിലുമാണ് പരിശോധന നടത്തിയത്. നിരവധി നിർണായക രേഖകൾ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
രാവിലെയാണ് ഇഡി പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു ഇഡിയുടെ നടപടി. ലാലു പ്രസാദ് യാദവിന്റെ മക്കളായ ഹേമ യാദവ്, രാഗിണി യാദവ്, ചന്ദ യാദവ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. ലാലു പ്രസാദിന്റെ അടുത്ത അനുയായി അബു ദുജാനയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. ലാലു പ്രസാദ് യാദവിന്റെ ഉടമസ്ഥതയിലുള്ള മാളിലും അന്വേഷണ സംഘം എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച സമാന കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും റെയിൽവേ മന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിനെസിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും സമാനമായ പരിശോധനകൾ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോട് ബിജെപിയ്ക്കുള്ള വൈരാഗ്യം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തീർക്കുകയാണ് എന്നായിരുന്നു ചോദ്യം ചെയ്യലിനോട് തേജസ്വി യാദവ് പ്രതികരിച്ചത്.
2004-09 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലയളവിൽ സ്ഥലം വാങ്ങി റെയിൽവേയിൽ ആളുകൾക്ക് ജോലി നൽകിയെന്നാണ് ആക്ഷേപം. ചട്ടങ്ങൾ പാലിക്കാതെ ഗ്രൂപ്പ് ഡിയിലാണ് വ്യാപകമായി ആളുകൾക്ക് ജോലി നൽകിയിരുന്നത്. ഇതിൽ 2021 മുതലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
Discussion about this post