ഹൈദരാബാദ് : വരന്റെ ഭാഗത്ത് നിന്ന് ലഭിച്ച തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഹൈദരാബാദിലാണ് സംഭവം. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട് ലക്ഷം രൂപ കുറഞ്ഞുപോയതിനാലാണ് വധു അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയത്. സ്ത്രീധന സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി ഈ ഗോത്രവിഭാഗത്തിൽ വരന്റെ വീട്ടുകാർ വധുവിനാണ് പണം നൽകേണ്ടത്. ഇതനുസരിച്ച് വരന്റെ ബന്ധുകൾ രണ്ട് ലക്ഷം രൂപ വധുവിന്റെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കുറഞ്ഞുപോയെന്നാണ് വധു പറഞ്ഞത്.
ഘട്കേസറിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ മുഹൂർത്തമായിട്ടും വധു മണ്ഡപത്തിലേക്ക് എത്തിയില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് വരനും കൂട്ടരും വിവരം അറിയുന്നത്. എല്ലാവരും ചേർന്ന് വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പണം നൽകിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു യുവതി.
തുടർന്ന് വരന്റെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. വിവാഹത്തിന് സമ്മതമല്ല എന്ന് വധു പറഞ്ഞതോടെ അത് നിർത്തിവെക്കാൻ പോലീസ് നിർദ്ദേശിച്ചു. അതോടൊപ്പം വിവാഹധനമായി വാങ്ങിയ 2 ലക്ഷം രൂപ വരന് തിരികെ നൽകാനും പോലീസ് വധുവിന്റെ വീട്ടുകാർക്ക് നിർദ്ദേശം നൽകി.
Discussion about this post