ബെയ്ജിംഗ് : രാജ്യത്ത് ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയിലെ വിവിധ നഗരങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ചിരിക്കുകയാണ്. ഷാങ്സി പ്രവിശ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിയാൻ നഗരത്തിലെ ബിസിനസുകളും സ്‌കൂളുകളും മറ്റ് തിരക്കേറിയ സ്ഥലങ്ങളും അടിയന്തിരമായി അടച്ചുപൂട്ടാൻ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. രോഗം പടർന്നുപിടിക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുത് എന്നും നിർദ്ദേശമുണ്ട്. എന്നാൽ ഭരണകൂടത്തിന്റെ ഈ നടപടി ആളുകളെ രോഷാകുലരാക്കിയിരിക്കുകയാണ്.
സീറോ കോവിഡ് പോളിസിയോട് വളരെയധികം സാമ്യമുള്ള ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ രംഗത്തെത്തുന്നുണ്ട്. മൂന്ന് വർഷം ഇതേ പദ്ധതികൾ നടപ്പിലാക്കിയിട്ടും കൊറോണയിൽ നിന്ന് മുക്തമാകാൻ രാജ്യത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, ദിവസേന കേസുകൾ വർദ്ധിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. അതിനാൽ അടിയന്തിര അടച്ചിടൽ ഒരിക്കലും ഒരു പ്രതിവിധിയല്ല എന്ന അഭിപ്രായത്തിലാണ് രജ്യത്തെ ജനങ്ങൾ.
ചൈനയുടെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾക്കനുസൃതമായി 2021 ഡിസംബറിനും 2022 ജനുവരിക്കും ഇടയിൽ സിയാനിൽ മാത്രം 3 ദശലക്ഷം ആളുകളാണ് ആഴ്ചകളോളം അവരുടെ വീടുകളിൽ പൂട്ടിയിടപ്പെട്ടത്. എന്തായാലും കൊറോണയ്ക്ക് പിന്നാലെ ചൈന അടുത്ത ലോക്ഡൗണിലേക്ക് പോകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
അതേസമയം നിലവിൽ ചൈനയിൽ ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മരുന്നുകളുടെ ലഭിക്കാത്തതിനാൽ ഫാർമസികളും പ്രതിസന്ധിയിലാണ്.
Discussion about this post