തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റാൾ സമരം നടത്തിയ സിനിമാ താരം ഭീമൻ രഘുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയിൽ പിടിച്ചാണ് ഭീമൻ രഘു സമരം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോയവരാരും ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ആളെ പിടികിട്ടയതോടെ നാട്ടുകാർ തടിച്ചുകൂടി.
കൈയിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ട് ധരിച്ചാണ് രഘു ഇവിടെ പ്രതിഷേധം നടത്തിയത്. എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ആദ്യമൊന്നും ആർക്കും മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ കാര്യം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം.
തന്റെ കൂടെയുള്ള ആർട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ലെന്നാണ് താരം പറയുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാൽ മാത്രമേ സിനിമയ്ക്ക് ഗുണം ചെയ്യുള്ളൂ. ” ഹീറോയിസത്തിലേക്ക് ഇതുവരെ വരാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോൾ എനിക്ക് തന്നെ തോന്നി ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് മൂന്ന് അവാർഡുകൾ ലഭിച്ചു ‘’ ഭീമൻ രഘു പറഞ്ഞു.












