നടനായും നിർമ്മാതാവായും മലയാളികളുടെ മനസുകളിൽ ഇടം നേടിയ വ്യക്തിയാണ് ദിനേശ് പണിക്കർ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് സുപരിചിതനായി മാറിയത്. എന്നാൽ ഒരു കാലത്ത് ദിനേശിന്റെ നിരവധി സിനിമകൾ ഒന്നിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് ചില താരങ്ങൾ സിനിമയിൽ ഫ്രീയായി വന്ന് അഭിനയിച്ചുകൊണ്ട് തന്നെ സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ദിനേശ്.
സിനിമ മേഖലയിൽ നന്ദിയുള്ള ഒരുപാട് താരങ്ങൾ ഉണ്ടെന്ന് ദിനേശ് പണിക്കർ പറഞ്ഞു. സുരേഷ് ഗോപി നമ്മളോട് ഒരുപാട് സ്‌നേഹം കാണിച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമകൾ ചെയ്തു കഴിഞ്ഞതിന് ശേഷം തന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ സമയത്താണ് തില്ലാന തില്ലാന എന്ന സിനിമ വരുന്നത്. ആ സിനിമയിൽ സുരേഷ് ഗോപി ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണെന്നും എന്ന് ദിനേഷ് പണിക്കർ പറഞ്ഞു.
ദിനേശിന്റെ തന്നെ മറ്റൊരു സിനിമയായിരുന്നു മയിൽപീലിക്കാവ്. കുഞ്ചാക്കോ ബോബൻ നായകനായ ഈ സിനിമ വലിയ രീതിയിൽ നഷ്ടം വരുത്തിയിരുന്നു. എന്നാൽ ഇതറിഞ്ഞ കുഞ്ചാക്കോ ബോബൻ തില്ലാന തില്ലാനയിൽ രണ്ടുദിവസം സൗജന്യമായി അഭിനയിച്ചു. ഒരു പൈസ പോലും കുഞ്ചാക്കോ ബോബൻ വാങ്ങിയിട്ടില്ലെന്നും ദിനേശ് പറഞ്ഞു.
കോളേജ് വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് തില്ലാന തില്ലാന. നടൻ കൃഷ്ണയും ജോമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ജഗതി, ജഗദീഷ്, ബൈജു തുടങ്ങിയവരും അഭിനയിച്ചിരുന്നു. സുരേഷ് ഗോപി, മുകേഷ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ അതിഥി വേഷത്തിലാണ് എത്തിയത്.












