യാത്ര പോകുമ്പോള്‍ വീടും നാടുമൊക്കെ വിട്ട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. ആരോഗ്യത്തിനും അതുതന്നെയാണ് നല്ലതെന്ന് പറയുന്നു ലണ്ടന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ (യുസിഎല്‍). വീട്ടില്‍ നിന്നും 15 മൈലില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നേട്ടമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എത്ര തവണ യാത്ര ചെയ്യുന്നു, വ്യത്യസ്തമായ എത്രയിടങ്ങളില്‍ പോകുന്നു തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം പറയുന്നു.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം കാണാനുള്ള സാധ്യത കൂടുതലാണ്. അത് അവരുടെ സാമൂഹിക ഇടപെടലുകള്‍ മെച്ചപ്പെടുത്തുകയും ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. ഉചിതമായ ഗതാഗത സൗകര്യങ്ങള്‍, ആരോഗ്യം, എത്ര തവണ യാത്ര നടത്തുന്നു, വ്യത്യസ്തമായ എത്രയിടങ്ങളിലേക്ക് സഞ്ചരിച്ചു, എത്രദൂരം യാത്ര ചെയ്തു, കാറിന്റെയും പൊതുഗതാഗതത്തിന്റെയും ഉപയോഗം പോലുള്ള യാത്രാഘടകങ്ങള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.
സ്വന്തം നാട് വിട്ട് യാത്ര ചെയ്യുന്നതിലെ തടസ്സങ്ങള്‍, ഉദാഹരണത്തിന് പൊതുഗതാഗതത്തിന്റെയോ സ്വന്തം കാറിന്റെയോ അപര്യാപ്തത, സാമൂഹിക ഇടപെടലുകള്‍ കുറയ്ക്കുക വഴി ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് തങ്ങള്‍ പ്രധാനമായും പഠനവിധേയമാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പൗലോ അന്‍സേയിസ് പറഞ്ഞു. നാടുവിട്ട് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര ആളുകളുടെ സാമൂഹിക ഇടപെടലിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതായി പഠനത്തില്‍ നിന്നും മനസിലാക്കിയതായി ഗവേഷകന്‍ പറഞ്ഞു.
നോര്‍ത്ത് ഇംഗ്ലണ്ടിലെ 3,014 ആളുകളില്‍ സര്‍വ്വേ നടത്തിയാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിയത്. ഇവര്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു. യാത്ര ചെയ്യാനുള്ള തടസ്സങ്ങള്‍ ആളുകള്‍ക്ക് സാമ്പത്തികമായി കോട്ടമുണ്ടാക്കുന്നതായും ഒരു മേഖലയുടെ ക്ഷേമത്തിന് ദോഷമുണ്ടാക്കുന്നതായും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആളുകളുടെ ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നില്ല. ദൂരയാത്ര ചെയ്യുന്നതിലെ തടസ്സങ്ങള്‍ പ്രധാനമായും 50 പിന്നിട്ടവരെയാണ് ബാധിക്കുന്നതെന്നും ഏകാന്തതയും പ്രായമാകലിന്റെ അവശതകളും നേരിടുന്ന കാലത്ത് സാമൂഹിക ഇടപെടലുകള്‍ കൂടി മോശമായാല്‍ അത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യത്തമാക്കുന്നു.
Discussion about this post