ആലപ്പുഴ : കൃഷി ഓഫീസർ ജിഷ മോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പോലീസിൻറെ പിടിയിലായത്. ഫെഡറൽ ബാങ്കിൻറെ ആലപ്പുഴ കോൺവെൻറ് സ്‌ക്വയർ ബ്രാഞ്ചിൽ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിലാണ് നടപടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എടത്വയിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോൾ ആണ് ആദ്യം അറസ്റ്റിലായത്. മോഡലിംഗ് മേഖലയിലും ഫാഷൻ ഷോകളിലുമൊക്കെ സജീവമായിരുന്ന ഇവർ കള്ളനോട്ട് സംഘത്തിലെ കണ്ണിയായിരുന്നു. 500 രൂപയുടെ 7 കള്ളനോട്ടുകൾ ഇവർ മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ നോട്ടുകൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.
തുടർന്ന് പോലീസ് എത്തി കൃഷി ഓഫീസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നിൽ വൻ സംഘം തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.












