ന്യൂഡൽഹി: ലണ്ടൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ. ബജറ്റിന്റെ ഭാഗമായുള്ള രണ്ടാംഘട്ട സമ്മേളനത്തിന്റെ നാലാം ദിവസമാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തുന്നത്. അദ്ദേഹത്തിനെതിരെ സഭയിൽ ഇന്ന് ശക്തമായ പ്രതിഷേധമുയരും.
ഇന്നലെയാണ് ലണ്ടനിൽ നിന്നും രാഹുൽ ഗാന്ധി തിരികെ എത്തിയത്. ഇന്നലെ തന്നെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സമ്മേളനത്തിൽ നിന്നും ഒഴിവാകുകയായിരുന്നു. അതേസമയം കഴിഞ്ഞ് മൂന്ന് ദിവസമായി രാഹുൽ ലണ്ടനിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യം ബിജെപി എംപിമാർ സഭയിൽ ഉയർത്തുന്നുണ്ട്. ഇതേ ചൊല്ലി ഭരണ- പ്രതിപക്ഷ എംപിമാർ തമ്മിലുള്ള വാക്‌പോരിനെ തുടർന്ന് ഇന്നലെയും സഭാ നടപടികൾ തടസ്സപ്പെട്ടു.
രാഹുൽ ഗാന്ധി എത്തുന്ന ഇന്നും സമാനമായ സാഹചര്യമാകും സഭയിൽ ഉണ്ടാകുക. രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടും. എന്നാൽ രാഹുൽ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നാണ് സമ്മേളനത്തിനെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെയുടെ പ്രതികരണം. മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ ഹിൻഡ്ബർഗ് റിപ്പോർട്ട് ഉപയോഗിച്ച് പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
കേംബ്രിഡ്ജ് സർവ്വകലാശാല സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോയ രാഹുൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളായിരുന്നു നടത്തിയത്. ഇതിനെതിരെ ശക്തമായ വിമർശനവുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു. രാഹുലിനെ കൊണ്ട് രാജ്യത്തെ ജനങ്ങൾ മാപ്പ് പറയിക്കുമെന്ന് സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു.
Discussion about this post