ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡൽഹി എയിസിംലെ ഡോക്ടർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഡോക്ടർമാരുടെ വൈദഗ്ധ്യത്തിലും കണ്ടുപിടിത്തത്തിലും ഈ രാജ്യം അഭിമാനിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനൊപ്പം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ എയിംസിലെ ഡോക്ടർമാരെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ്.
കേവലം 90 സെക്കന്റുകൾ കൊണ്ടായിരുന്നു ഗർഭസ്ഥ ശിശുവിന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കേവലം ഒരു മുന്തിരിയുടെ വലിപ്പം മാത്രമാണ് ശിശുവിന്റെ ഹൃദയത്തിന് ഉണ്ടായിരുന്നത്.
28 കാരിയായ യുവതിയുടെ ഗർഭസ്ഥ ശിശുവിന് ആയിരുന്നു ശസ്ത്രക്രിയ. ഗർഭാവസ്ഥയിൽ തന്നെ യുവതിയ്ക്ക് മൂന്ന് കുഞ്ഞുങ്ങളെ നഷ്ടമായിരുന്നു. ഇതിന് ശേഷമുണ്ടായ നാലാമത്തെ കുഞ്ഞിനാണ് ഹൃദയത്തിൽ തകരാറ് കണ്ടത്.
Discussion about this post