ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യ കാലത്ത് തന്റെ കുടുംബത്തെ രക്ഷിച്ചത് ഹിന്ദു കുടുംബമായിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം തപ്‌സി പന്നു. ഡൽഹിയിൽ താമസിക്കുകയായിരുന്ന പിതാവിനെയും കുടുംബത്തെയും അയൽവീടുകളിൽ താമസിച്ചിരുന്ന ഹിന്ദുക്കളാണ് സംരക്ഷിച്ചത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
അന്ന് തന്റെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. അമ്മ കിഴക്കൻ ഡൽഹിയിലായിരുന്നു താമസം. അച്ഛൻ ശക്തി നഗറിലും. ശക്തി നഗറിൽ താമസിച്ചിരുന്നവരിൽ അച്ഛന്റേത് മാത്രമായിരുന്നു സിഖ് കുടുംബം.
”അന്ന് ഞങ്ങൾക്ക് ജോങ്കോ വാഹനം ഉണ്ടായിരുന്നു. വീടിന് മുന്നിലാണ് അത് പാർക്ക് ചെയ്യാറുള്ളത്. കലാപം നടക്കുന്ന സമയത്ത് നിരവധി പേർ വാളും പെട്രോൾ ബോംബുമായി ആക്രമിക്കാൻ വീടിന് മുന്നിലെത്തി. പ്രദേശത്തെ ആകെയുള്ള സിഖ് കുടുംബം ഞങ്ങളുടേതാണെന്ന് വ്യക്തമായതോടെ അവർ ആക്രോശിച്ചുകൊണ്ടാണ് അടുത്തത്. നിമിഷ നേരം കൊണ്ട് അവർ വീട് വളഞ്ഞു. ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ ലൈറ്റ് ഓഫ് ചെയ്ത് എല്ലാവരും വീടിനുള്ളിൽ ഒളിച്ചിരുന്നു.”
അച്ഛൻ താമസിച്ചിരുന്ന വീട്ടിൽ നാല് കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നു. തങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ അവർ കലാപകാരികളെ തടഞ്ഞു. ”സിഖുകാർ ഇവിടെയില്ല. വീട് വിട്ട് പോയി” എന്നാണ് അവർ കലാപകാരികളോട് പറഞ്ഞത്. അത് വിശ്വസിച്ച അവർ വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ചു.
അന്ന് ആ കുടുംബങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛൻ ഉൾപ്പെടെ കുടുംബത്തിലെ ആരും ഇന്ന് ജീവനോട് ഉണ്ടാകില്ലായിരുന്നു എന്നാണ് തപ്‌സി പന്നു പറഞ്ഞത്.
Discussion about this post