ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
ഖത്തർ സായുധ സേനകൾക്ക് പരിശീലനം നൽകുന്ന ദാര ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന 8 മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് വ്യക്തമായ കാരണങ്ങൾ ഇല്ലാതെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഖത്തർ അധികൃതർ തടവിലാക്കിയത്. ഒമാൻ വ്യോമസേന ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു ഇവർ ജോലി നോക്കിയിരുന്നത്.
ഇവരുടെ ജാമ്യാപേക്ഷകൾ എട്ട് തവണയാണ് ഖത്തർ അധികൃതർ നിരസിച്ചത്. ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ തടങ്കൽ കാലാവധി അടുത്തയിടെ ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഉദ്യോഗസ്ഥരുടെ മോചനത്തിനായി ദോഹയിലെ ഇന്ത്യൻ എംബസി ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ഇടപെടലുകളെ തുടർന്ന് ഉദ്യോഗസ്ഥർക്ക് നയതന്ത്ര സഹായം നൽകാൻ ഖത്തർ അനുമതി നൽകിയിരുന്നു. അവരെ സന്ദർശിക്കാൻ അടുത്ത ബന്ധുക്കൾക്കും അനുവാദം ലഭിച്ചിരുന്നു. മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരോടുള്ള ഖത്തറിന്റെ സമീപനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർപ്പുകൾ നിലവിലുണ്ട്. ഖത്തറിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിമർശനങ്ങൾ ഉയരുന്നു.
Discussion about this post