ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റിന്റെ സ്ഥിരം ഭാഗമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. കോൺഗ്രസ് പാർട്ടി ദേശവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി അധഃപതിച്ചത് ദൗർഭാഗ്യകരമാണെന്നും നദ്ദ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തി എന്ന നേട്ടത്തിലെത്തി നിൽക്കുകയാണ് രാജ്യം. ജി20 അദ്ധ്യക്ഷ പദവി എന്ന ചരിത്ര നിയോഗം കൈവന്നതിന്റെ അഭിമാനവും രാജ്യത്തിനുണ്ട്. ഈ അവസരത്തിലാണ് വിദേശ മണ്ണിൽ പോയി രാഹുൽ രാജ്യത്തെ അപമാനിക്കുന്നതെന്ന് നദ്ദ പറഞ്ഞു.
രാഹുൽ ഗാന്ധി യുകെയിൽ പോയി ഇന്ത്യൻ പാർലമെന്റിനെയും ജനപ്രതിനിധികളെയും 130 കോടി ജനതയെയും അപമാനിക്കുകയാണ്. ഇത് രാജ്യദ്രോഹികൾക്ക് ശക്തി പകരാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ ജനാധിപത്യം അസ്തമിച്ചുവെന്നും, യൂറോപ്പും അമേരിക്കയും ഇതിൽ ഇടപെടണമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇതിനേക്കാൾ അപമാനകരമായി മറ്റെന്താണ് ഉള്ളതെന്നും നദ്ദ ചോദിച്ചു.
Discussion about this post