കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അഖിൽ, ബംഗലൂരുവിൽ നിന്നാണ് പിടിയിലായത്.
ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അഖിലുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിൽ നിന്നും രണ്ട് വർഷത്തിന് ശേഷം വിവാഹത്തിന് തൊട്ട് മുൻപുള്ള അഖിലിന്റെ പിന്മാറ്റത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അഖിൽ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയിരുന്നു. ഇവരെ ഒരുമിച്ച് അടുത്തയിടെ കാണാതായിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തിയിരുന്നു. രജിസ്റ്റർ വിവാഹം കഴിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ സമ്മതം അറിയിച്ച ശേഷം, അഖിൽ സമയത്ത് എത്താത്തതിനെ തുടർന്നാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. അഖിലിന്റെ പീഡനമാണ് മകളെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് കാട്ടി അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
സംഭവത്തിൽ പോലീസ് അലംഭാവം കാട്ടുന്നുവെന്ന് ആദ്യ ഘട്ടത്തിൽ ദളിത് സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. അഖിലിനെതിരെ നടപടി ആവശ്യപ്പെട്ട് സംയുക്ത സമര സമിതി കൊട്ടാരക്കര ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.












