ന്യൂഡൽഹി : 2023 ലെ ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ വച്ച് സംഘടിപ്പിക്കേണ്ട എന്ന ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് ഹർഭജൻ പറഞ്ഞു. സ്വന്തം ആളുകളെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു രാജ്യത്തേക്ക് എന്ത് വിശ്വസിച്ചാണ് പോകുക എന്നാണ് ഹർഭജൻ സിംഗ് ചോദിക്കുന്നത്.
”ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകരുത്. അവിടുത്തെ ജനങ്ങൾ പോലും ആ രാജ്യത്ത് സുരക്ഷിതരല്ല. പിന്നെ എന്തിനാണ് ഇന്ത്യക്കാർ അങ്ങോട്ട് പോകാൻ ശ്രമിക്കുന്നത്” എന്ന് ഹർഭജൻ സിംഗ് ചോദിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ, ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയതോടൊണ് ഇത് സംബന്ധിച്ച് തർക്കം ആരംഭിച്ചത്. പാകിസ്താനിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെ പാകിസ്താന് ആതിഥേയത്വം നിഷേധിച്ചാൽ 2023 ലെ ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡും (പിസിബി) തിരിച്ചടിച്ചു.
കഴിഞ്ഞ മാസം ബഹ്റൈനിൽ നടന്ന എസിസി(ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യോഗത്തിൽ വിഷയം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. 2023 ലെ ഏഷ്യാ കപ്പിന്റെ ആതിഥേയാവകാശം പാകിസ്താനാണെങ്കിലും, യുഎഇയെയും ഇതിന് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഈ ആഴ്ച നടക്കുന്ന ഐസിസി ബോർഡ് മീറ്റിംഗിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.








