കൊച്ചി: റബ്ബറിന്റെ വിലയിടിവും റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചയായതിന് പിന്നാലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓർമ്മപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്ററാണ് കെ സുരേന്ദ്രൻ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. റബ്ബറിന്റെ തറവില 250 രൂപയാക്കി വർദ്ധിപ്പിക്കുമെന്നാണ് ഇതിലെ വാഗ്ദാനം.
റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി പോലുമില്ലെന്ന പരാതി മലയോര കർഷകർ പരിഹരിച്ചുകൊടുക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് പോലെ കേരളത്തിലെ റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
തലശ്ശേരി ആർച്ച് ബിഷപ്പ് ഉന്നയിച്ച ആശങ്കകളിൽ ഒന്നിന് പോലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നല്കാൻ തയ്യാറായില്ല. ബിജെപിയുമായി കേരളത്തിലെ ക്രൈസ്തവ സഹോദരന്മാർ ഒന്നിക്കുമോ എന്ന പേടി മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നത്.
റബ്ബർ വില കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ലെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്താം എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ല? കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നു എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ല ?
വോട്ട് മാത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസ്സുകാരുടെയും ലക്ഷ്യം. അല്ലാതെ കർഷകരോ അവരുടെ കുടുംബങ്ങളോ അല്ല. ഇത് കേരള ജനത തിരിച്ചറിയണമെന്നും വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരക്കാരെയാണ് നമ്മൾ മാറ്റി നിർത്തേണ്ടതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തലശ്ശേരി ആർച്ച് ബിഷപ്പ് ഉന്നയിച്ച പ്രശ്‌നങ്ങൾ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. വിഷയത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നത് കേന്ദ്രതലത്തിൽ ചർച്ച ചെയ്യാൻ ബിജെപി തയ്യാറാവും. ഇതിന്റെ പേരിൽ ആദരണീയനായ ആർച്ച് ബിഷപ്പിനെതിരെയോ, ക്രൈസ്തവ സഹോദരങ്ങൾക്കെതിരെയോ ഇടതുപക്ഷമോ കോൺഗ്രസോ പാലാ മോഡൽ നീക്കങ്ങൾ നടത്തിയാൽ അതിനി നടപ്പാകില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post