ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും കുറഞ്ഞ യോഗ പരിശീലക എന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രൺവി ഗുപ്ത അവളുടെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കാരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യോഗാഭ്യാസം നടത്തണമെന്നതാണ് ഈ ഏഴ് വയസുകാരിയുടെ ആഗ്രഹം. ഇത് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് യോഗയിൽ ഗിന്നസ് റെക്കോർഡ് നേടിയ ഈ കൊച്ചുമിടുക്കി.
2022 നവംബറിൽ 7 വയസ്സും 165 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലക എന്ന ഗിന്നസ് ലോക റെക്കോർഡ്സ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. 2021-ൽ 9 വർഷവും 220 ദിവസവും പ്രായമുള്ളപ്പോൾ റെക്കോർഡ് നേടിയ റെയാൻഷ് സുരാനിയെ പിന്നിലാക്കിക്കൊണ്ടാണ് പ്രൺവി ഇത് സ്വന്തമാക്കിയത്.
നാല് വർഷം മുൻപ് കുടുംബം ഡൽഹിയിൽ നിന്ന് ദുബായിലേക്ക് മാറിയപ്പോഴാണ്, അന്ന് മൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രൺവി യോഗ പരിശീലിക്കാൻ ആരംഭിച്ചത്. പരിശീലകനായ വിൻസെന്റ് എർത്ത് കോട്ടയിലിന്റെ മേൽനോട്ടത്തിൽ ദുബായിലെ വേദിക് യോഗ സെന്ററിലാണ് പെൺകുട്ടി യോഗാഭ്യാസം ആരംഭിച്ചത്. അവരാണ് ഇൻസ്ട്രക്ടർമാർക്കുള്ള ഒരു കോഴ്സിൽ ചേരാൻ അവളെ പ്രോത്സാഹിപ്പിച്ചത്. യോഗ അലയൻസിന്റെ 200 മണിക്കൂർ ദൈർഘ്യമുള്ള ഒരു കോഴ്സും പെൺകുട്ടി പൂർത്തിയാക്കി.
‘ഈ പ്രായത്തിൽ ആരും കരസ്ഥമാക്കിയിട്ടില്ലാത്ത നേട്ടം സ്വന്തമാക്കുമ്പോൾ എനിക്ക് അഭിമാനവും ആവേശവും തോന്നുന്നു,” എന്നാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചതിന് പിന്നാലെ പ്രൺവി പറഞ്ഞത്. ”യോഗ വളരെയധികം പ്രയോജനം ചെയ്യുമെന്ന് അറിയാം. കുട്ടികൾ ഉൾപ്പെടെ എല്ലാവരും ഇത് ചെയ്യണം. ഈ സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും ആ പെൺകുട്ടി പറഞ്ഞു.
തനിക്ക് എന്നെങ്കിലുമൊരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യോഗ ചെയ്യണമെന്ന് പ്രൺവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം യോഗ ഇഷ്ടപ്പെടുന്നവ്യക്തിയാണെന്ന് കേട്ടിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
പ്രൺവി വെല്ലുവിളികൾ നേരിടാൻ ഇഷ്ടപ്പെടുന്നയാളാണ് പെൺകുട്ടിയുടെ അമ്മയും വിമൻ ഫസ്റ്റ് ജോബ്സിന്റെ സ്ഥാപകയുമായ പ്രിയങ്ക സെൻഗർ പറഞ്ഞു. നിങ്ങൾ അവളെ വെല്ലുവിളിക്കുമ്പോഴാണ് അവൾ അത് പഠിക്കാൻ കൂടുതൽ താത്പര്യപ്പെടുന്നത്. ഞങ്ങൾ അവൾക്ക് പൂർണ പിന്തുണ നൽകും. അവൾ എന്ത് സ്വപ്നം കാണുന്നോ അത് സാക്ഷാത്ക്കരിക്കാൻ വേണ്ടി അവളോടൊപ്പം നിൽക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
Discussion about this post