ബംഗളൂരു : യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച പ്രതികളെ എട്ട് വർഷത്തിന് ശേഷം പിടികൂടി. കർണാടകയിലുള്ള വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരി എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സഹോദരിയെയും പങ്കാളിയെയും പിടികൂടിയത്.
2015 ലാണ് ലിംഗരാജു കൊല്ലപ്പെടുന്നത്. ഇയാളുടെ സഹോദരി ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തു. ഇതോടെ ഇരുവരും ഒളിച്ചോടി ബംഗളൂരുവിലേക്ക് പോയി. ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
എന്നാൽ ഇവരെ തേടി സഹോദരൻ ലിംഗരാജു ബംഗളൂരുവിൽ എത്തുകയായിരുന്നു. സഹോദരിയും പങ്കാളിയും താമസിക്കുന്ന സ്ഥലത്തെത്തിയ ലിംഗരാജു ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതോടെ ഇരുവരും ചേർന്ന് സഹോദരനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി അറവുശാലയിലും തടാകത്തിലും ഉപേക്ഷിച്ചു. തല ഉൾപ്പെടെയുള്ള ശരീരഭാഗം മാത്രം കണ്ടെത്താനാകാതെ വന്നതോടെയാണ് അന്ന് അന്വേഷണം വഴിമുട്ടിയത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം ഭാഗ്യശ്രീയും ശിവപുത്രനും മഹാരാഷ്ട്രയിലെ നാസിക്കിൽ വ്യാജ പേരിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.










