കവരത്തി: ലക്ഷദ്വീപിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കടൽപ്പായൽ സംഭരണം, അലങ്കാര മത്സ്യകൃഷി, ടെറസ് കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ വരുമാനമാർഗം കണ്ടെത്തുന്ന ദ്വീപിലെ സ്ത്രീ സമൂഹവുമായിട്ടായിരുന്നു രാഷ്ട്രപതിയുടെ കൂടിക്കാഴ്ച.
കവരത്തിയിലായിരുന്നു ഇവരുമായി രാഷ്ട്രപതിയുടെ കൂടിക്കാഴ്ച. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഉൾപ്പെടെയുളളവർ പങ്കെടുത്തു. വനിതകളുമായി രാഷ്ട്രപതി സംവദിക്കുകയും ചെയ്തു. സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്കും രാഷ്ട്രപതി മറുപടി നൽകി. കൂടിക്കാഴ്ചയുടെയും സംവാദങ്ങളുടെയും ചിത്രങ്ങൾ രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവന്നിട്ടുണ്ട്.
ലക്ഷദ്വീപിന്റെ വികസനപ്രവർത്തനങ്ങളിൽ അഡ്മിനിസ്‌ട്രേഷന്റെയും ദ്വീപ് നിവാസികളുടെയും പങ്കിനെ രാഷ്ട്രപതി പ്രകീർത്തിച്ചു. കടൽപ്പായലുകൾ സംഭരിച്ച് വിതരണം ചെയ്യുന്നത് ബിസിനസ് ആക്കുകയെന്ന ആശയം വഴി ദ്വീപ് നിവാസികൾക്ക് പുതിയ വരുമാനമാർഗം കൂടിയാണ് ഭരണകൂടം തുറന്നിട്ടത്.
കഴിഞ്ഞ ദിവസം കേരള സന്ദർശനത്തിന് ശേഷമാണ് രാഷ്ട്രപതി ലക്ഷ്വദ്വീപിൽ എത്തിയത്. കവരത്തിയിലൊരുക്കിയ പൗരസ്വീകരണത്തിലും രാഷ്ട്രപതി പങ്കെടുത്തിരുന്നു.
Discussion about this post