സാൻഫ്രാൻസിസ്‌കോ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പിന്നാലെ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേർക്കും ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്ലാസുകളും വാതിലുകളും ഇവർ അടിച്ചു തകർത്തു. കൊടിക്കമ്പുകളും കൃപാൺ ഉൾപ്പെടെയുളള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഖാലിസ്ഥാൻ ഭീകരവാദി അമൃത് പാൽ സിംഗിനെ അറസ്റ്റ് ചെയ്യാനുളള പഞ്ചാബ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സംഭവം. അൻപതോളം പേരുടെ സംഘമാണ് സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് എത്തിയത്. സ്പീക്കറിലൂടെ ഉച്ചത്തിൽ പഞ്ചാബി ഗാനവും മുഴക്കി എത്തിയ ഇവർ പ്രതിഷേധത്തിനിടെ പൊടുന്നനെ അക്രമത്തിലേക്ക് തിരിയുകയായിരുന്നു.
കോൺസുലേറ്റ് കെട്ടിടത്തിന് മുൻപിലുണ്ടായിരുന്ന വസ്തുക്കളും ഇവർ നശിപ്പിച്ചു. കെട്ടിടത്തിന്റെ ചുവരിൽ ഫ്രീ അമൃത്പാൽ എന്ന് സ്േ്രപ പെയിന്റ് കൊണ്ട് എഴുതിയിട്ടുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഗ്ലാസ് ഡോറുകളും ജനലുകളും കൊടിക്കമ്പുകൾ ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്ന വീഡിയോകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ വരാന്തയിൽ ഖാലിസ്ഥാൻ പതാക നാട്ടിയ പുറത്തുനിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രതിഷേധക്കാർ. എന്നാൽ കോൺസുലേറ്റ് ജീവനക്കാർ പുറത്തിറങ്ങി ഖാലിസ്ഥാൻ പതാകകൾ ഇളക്കി മാറ്റി. തുടർന്ന് പ്രതിഷേധക്കാരിൽ ഒരാൾ തന്നെ ഇത് തിരിച്ചുവാങ്ങി. എന്നാൽ ഇതിനിടെ ഇരച്ചെത്തിയ ചിലരാണ് അക്രമത്തിലേക്ക് പ്രതിഷേധത്തെ മാറ്റിയത്.
കഴിഞ്ഞ ദിവസം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലും ഖാലിസ്ഥാൻ ഭീകരർ അക്രമം നടത്തിയിരുന്നു. യുകെയെ വിഷയത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ച ദേശീയപതാകയ്ക്ക് പകരം പുതിയ പതാക ഓഫീസിൽ ഉയർത്തിയതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സാൻ ഫ്രാൻസിസ്‌കോയിലും പ്രതിഷേധം നടന്നത്. ഓസ്‌ട്രേലിയൻ പാർലമെന്റിന് പുറത്തും ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post