സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ വക്താവ് ജോൺ കെർബി പറഞ്ഞു. കോൺസുലേറ്റ് കെട്ടിടത്തിന് ഉണ്ടായ കേടുപാടുകൾ പരിഹരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് കോൺസുലേറ്റ് അധികൃതരുമായി യോജിച്ച് പ്രവർത്തിക്കും. ഇവിടെ സേവനം ചെയ്യുന്ന നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. അമൃത്പാൽ സിംഗിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഖാലിസ്ഥാൻവാദികളുടെ അതിക്രമം.
കഴിഞ്ഞ ദിവസമാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖാലിസ്ഥാൻ ഭീകരർ അടിച്ച് തകർത്തത്. കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖാലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തു. ആക്രമണത്തിന്റെ വിവിധ വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖാലിസ്ഥാൻ ഭീകരർ ആക്രമണം അഴിച്ചു വിടുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിന് മുന്നിൽ ഇന്ത്യയുടെ ദേശീയപതാക ഖാലിസ്ഥാൻ അനുകൂലികൾ നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു. കാനഡയിലും ഓസ്‌ട്രേലിയയിലും ഖാലിസ്ഥാൻ ഭീകരർ സമാനമായ രീതിയിൽ ഖാലിസ്ഥാൻ ഭീകരർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post