ചണ്ഡീഗഡ്: കൃത്യമായ ആസൂത്രണം നടത്തിയിട്ടും വാരിസ് പഞ്ചാബ് ദ തലവൻ അമൃത്പാൽ സിംഗിനെ പിടികൂടാനാകാത്തതിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കൃത്യമായ ആസൂത്രണത്തോടെയുള്ള ഓപ്പറേഷൻ ആയിട്ട് കൂടി അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപെട്ടതെന്നും കോടതി ചോദിച്ചു. ഓപ്പറേഷൻ സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് അമൃത്പാൽ സിംഗ് ഒളിവിൽ പോകുന്നത്. ജലന്ധറിലേക്ക് പോവുകയായിരുന്ന അമൃത്പാൽ സിംഗിന്റെ വാഹനവ്യൂഹത്തെ പോലീസിന്റെ പ്രത്യേക സംഘം പിന്തുടർന്നിരുന്നുവെങ്കിലും, പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാൾ രക്ഷപെട്ടു. ഇത് ഇന്റലിജൻസ് വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ” നിങ്ങൾക്ക് 80,000ത്തിലധികം പോലീസുകാരുണ്ട്. കൃത്യമായ ഓപ്പറേഷനാണ് നടത്തിയതെന്ന് പറയുന്നു. അതിനെ പിന്തുണയ്ക്കാൻ വലിയൊരു സേനാ വിഭാഗവുമുണ്ട്. എന്നിട്ടും അമൃത്പാൽ സിംഗ് എങ്ങനെ രക്ഷപെട്ടുവെന്നും” കോടതി ചോദിച്ചു.
അമൃത്പാൽ സിംഗ് പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജലന്ധറിലെ ഷാഹ്കോട്ടിൽ നിന്ന് അമൃത്പാലിനെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തുവെന്നാണ് അഭിഭാഷകനായ ഇമാൻ സിംഗ് ഖാരയുടെ അവകാശവാദം.
Discussion about this post