ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.
ഇന്ത്യയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന വധശിക്ഷാ രീതിയായ മരണം വരെ തൂക്കിലേറ്റലിൽ പുനപരിശോധനക്ക് സുപ്രീം കോടതി നിർദേശം വെച്ചിരിക്കുന്ന സാഹചര്യത്തിൽ, വിവിധ ലോകരാജ്യങ്ങളിൽ നിലവിലുള്ള വധശിക്ഷാ രീതികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യക്ക് പുറമേ ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, പാകിസ്താൻ, ഇറാൻ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള വധശിക്ഷാ രീതിയാണ് തൂക്കിലേറ്റൽ.
വെടിവെച്ച് കൊലപ്പെടുത്തൽ: ചൈന, തായ്വാൻ, ബെലാറസ്, റഷ്യ എന്നിവിടങ്ങളിൽ നിലവിലുള്ള വധശിക്ഷാ രീതിയാണ് വെടിവെച്ച് കൊലപ്പെടുത്തൽ. തലയുടെ പിന്നിൽ ഒറ്റ വെടിവെച്ചാണ് ശിക്ഷക്ക് വിധിക്കപ്പെട്ടയാളെ വധിക്കുന്നത്. ഇൻഡോനേഷ്യയിൽ, ഫയറിംഗ് സ്ക്വാഡിനെ കൊണ്ട് നിറയൊഴിപ്പിച്ചാണ് കൊലപ്പെടുത്തുന്നത്. വിമാനവേധ തോക്കുകൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതാണ് ഉത്തര കൊറിയയിലെ ശിക്ഷാരീതിയെന്ന് പറയപ്പെടുന്നു,
വിഷം കുത്തിവെച്ച് വധിക്കൽ: 1982 മുതൽ അമേരിക്കയിൽ പ്രചാരത്തിലുള്ള വധശിക്ഷാ രീതിയാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തൽ. അമേരിക്കക്ക് പുറമേ തായ്ലൻഡ്, ഗ്വാട്ടിമാല, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ രീതി പിന്തുടരുന്നു. ചൈനയിലും തായ്വാനിലും ഈ രീതിയും പ്രയോഗത്തിലുണ്ട്.
ഷോക്കടിപ്പിക്കൽ: അമേരിക്കയിലും ഫിലിപ്പൈൻസിലും പ്രചാരത്തിലുണ്ടായിരുന്ന രീതിയാണ് ഇത്. രണ്ടാം ഉപാധി എന്ന നിലയിൽ ഫ്ലോറിഡ, കെന്റക്കി, ഓക്ലാഹോമ, സൗത്ത് കരോലിന, ടെന്നസി എന്നിവിടങ്ങളിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്.
വിഷവാതകം ശ്വസിപ്പിക്കൽ: നാസി ഭരണകാലത്ത് ജർമ്മനിയിൽ ഉപയോഗിച്ചിരുന്ന വധശിക്ഷാ രീതി. അമേരിക്കയിലും ലിത്വാനിയയിലും പ്രചാരത്തിൽ ഉണ്ടായിരുന്നു. അരിസോണ, കാലിഫോർണിയ, ഓക്ലാഹോമ, വ്യോമിംഗ് എന്നിവിടങ്ങളിൽ വിരളമായി ഇന്നും പ്രയോഗിക്കപ്പെടുന്നു.
തലവെട്ട്: ചരിത്രത്തിലെ പല കാലഘട്ടങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന രീതി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാൻസിൽ ഉപയോഗിച്ചിരുന്ന ഗില്ലറ്റിൻ കുപ്രസിദ്ധമാണ്. നിലവിൽ സൗദി അറേബ്യയിൽ വാളുകൊണ്ട് തല വെട്ടുന്ന രീതി പ്രയോഗത്തിലുണ്ട്.
കല്ലെറിഞ്ഞ് കൊല്ലൽ: ഇന്നും നിലനിൽക്കുന്ന പ്രാകൃതമായ വധശിക്ഷാ രീതിയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ. ഇരയാക്കപ്പെടുന്ന വ്യക്തിയെ ആൾക്കൂട്ടം ഓടിച്ചിട്ട് കല്ലെറിയുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന പരിക്കുകളിൽ നിന്നും രക്തം വാർന്നും നിർജ്ജലീകരണം നിമിത്തവും ഇഞ്ചിഞ്ചായി ഇര മരിക്കുന്നു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളായ സൊമാലിയ, സൗദി അറേബ്യ, ഇറാഖ്, സുഡാൻ, യുഎഇ, ഉത്തര നൈജീരിയ, മൗറിത്താനിയ, ഖത്തർ, ഇറാൻ, യെമൻ എന്നിവിടങ്ങളിലാണ് ഈ രീതി പ്രചാരത്തിലുള്ളത്. 2014 മുതൽ ബ്രുണെയിലും കല്ലെറിഞ്ഞാണ് കുറ്റവാളികളെ കൊലപ്പെടുത്തുന്നത്.
Discussion about this post