ലക്‌നൗ: ഓഫീസിനുള്ളിൽ അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻലാദന്റെ ചിത്രം സ്ഥാപിച്ച ഉദ്യോഗസ്ഥനെ പുറത്താക്കി. പവർ കോർപ്പറേഷൻ ഓഫീസിലെ ( യുപിപിസിഎൽ) സബ് ഡിവിഷണൽ ഓഫീസറായ രവീന്ദ്ര പ്രകാശിനെതിരെയാണ് നടപടി സ്വീകരിച്ചത്. യുപിപിസിഎൽ ചെയർമാൻ എം. ദേവരാജിന്റേതാണ് ഉത്തരവ്.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു സംഭവം. അന്ന് ഫാറൂഖ്ബാദ് ജില്ലയിലെ കയാംഗഞ്ച് സബ്ഡിവിഷണിലെ ഓഫീസർ ആയിരുന്നു ഇയാൾ. ജോലി ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ ബിൻലാദന്റെ ചിത്രം കൊണ്ടുവന്ന് ഓഫീസിൽ സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയത്. ഇതിൽ രവീന്ദ്ര പ്രകാശ് ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് തെളിഞ്ഞതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
ബിൻലാദന്റെ വലിയ ആരാധകനായിരുന്നു രവീന്ദ്ര പ്രകാശ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ബിൻലാദന്റെ ചിത്രങ്ങൾ ഇയാൾ വീട്ടിലും സൂക്ഷിച്ചിരുന്നു. ആരാധന മൂത്തപ്പോഴാണ് ചിത്രം ഓഫീസിലും കൊണ്ടുവന്ന് സ്ഥാപിച്ചത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post