അമൃത്സർ: ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാനുള്ള ശ്രമം അഞ്ചാം ദിവസവും തുടർന്ന് പോലീസ്. രക്ഷപെടുന്നതിന് വേണ്ടി അമൃത്പാൽ സിംഗ് രൂപം മാറ്റിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമൃത്പാൽ സിംഗിന്റ പുതിയ രൂപത്തിലുള്ള നിരവധി ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ശനിയാഴ്ച ജലന്ധറിലേക്ക് പോവുകയായിരുന്ന അമൃത്പാലിന്റെ വാഹനവ്യൂഹത്തെ സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം പിന്തുടർന്നെങ്കിലും ഇയാൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു. പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ ഇയാൾ രൂപമാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്നാണ് എട്ട് വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ പോലീസ് പങ്കുവച്ചത്.
പെൺകുട്ടിയുടെ രൂപത്തിലും, തലപ്പാവ് വച്ചും, ഇല്ലാതെയും, മീശയും താടിയും വടിച്ച രൂപത്തിലും എല്ലാമുള്ള ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങൾ പോലീസ് സംസ്ഥാനവ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങളും ഭാഗികമായി പുന:സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം അമൃത്പാലുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കോടതി പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇന്റലിജൻസ് വീഴ്ചയാണ് ഉണ്ടായതെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പോലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post