ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകുന്നേരം 4.30നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരും മുതിർന്ന ആരോഗ്യ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന യോഗത്തിൽ, കൊവിഡ് വ്യാപനം തടയാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ പ്രധാനമന്ത്രി വിലയിരുത്തും. എച്ച് 3 എൻ 2 ഉൾപ്പെടെയുള്ള വൈറൽ പനികൾ പടരുന്ന സാഹചര്യത്തിൽ, രാജ്യത്തെ പൊതു ആരോഗ്യ പരിപാലന സംവിധാനങ്ങളും പ്രധാനമന്ത്രി വിലയിരുത്തും.
രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് കേസുകളിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യം കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 1,134 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് 5 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലാണ്. കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയും ഇറക്കിയിരുന്നു.
Discussion about this post