പ്യോങ്യാംങ്: അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ. കിഴക്കൻ തീരത്ത് നിന്ന് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ തൊടുത്തതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഹംഗ്യോങ് പ്രവിശ്യയിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. ദക്ഷിണ കൊറിയയും യുഎസ് സേനയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്.
സൈന്യം അതീവ ജാഗ്രതയിലാണെന്നും ദക്ഷിണ കൊറിയൻ, യുഎസ് ഇന്റലിജൻസ് അധികൃതർ മിസൈലുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഫ്രീഡം ഷീൽഡ് അഭ്യാസം ആസൂത്രണം ചെയ്തതുപോലെ തങ്ങൾ വിജയകരമായി പൂർത്തിയാക്കുമെന്ന് സൈന്യം വ്യക്തമാക്കി.
അതേസമയം യുഎസ് -ദക്ഷിണകൊറിയ സൈനിക അഭ്യാസം തങ്ങൾക്കെതിരെ അധിനിവേശം നടത്താനുളള പരിശീലനമാണെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ആണവ വാഹക ശേഷിയുളള ക്രൂയിസ് മിസൈലുകളാണ് ലക്ഷ്യമിടുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തുന്നു. അടുത്തിടെ രാജ്യത്തിന്റെ ആയുധശേഷി പരിശോധിച്ചതിന് പിന്നാലെ യുദ്ധസജ്ജരായിരിക്കാൻ സൈനികർക്ക് കിങ് ജോങ് ഉൻ നിർദ്ദേശം നൽകിയതും അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു.












