കൊച്ചി : മാളികപ്പുറം സിനിമ കണ്ടവർ ആരും തന്നെ കല്ലുവിന്റെ അച്ഛൻ അജയനെ മറക്കില്ല അജയനായി നിറഞ്ഞാടിയത് മലയാളികളുടെ പ്രിയ നടനായ സൈജു കുറുപ്പാണ്. തന്നെ വിശ്വസിച്ച് സംവിധായകർ ഏൽപ്പിക്കുന്ന ഏതൊരു വേഷവും അത് സീരിയസ് വേഷമായാലും കോമഡി വേഷമായാലും അതിന്റെ ആത്മാവ് നശിക്കാതെ അവതരിപ്പിക്കുന്ന നടനാണ് അദ്ദേഹം.
അടുത്തിടെയായി ട്രോളുകളിൽ നിറയുന്ന ഒരു താരം കൂടിയാണ് സൈജു. എല്ലാ സിനിമകളിലും കടം മേടിക്കുന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത് എന്നതാണ് ട്രോളന്മാരുടെ പുതിയ കണ്ടുപിടുത്തം. എന്നാൽ തന്നെ വിമർശിച്ചുകൊണ്ടുള്ള ട്രോളുകൾ സൈജു കുറുപ്പ് തന്നെ ഫേയ്സ്ബുക്കിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ പങ്കുവെച്ച ഒരു ട്രോളും അതിന് താഴെ സുഹൃത്തും മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പങ്കുവെച്ച കമൻറ്റുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘പുതിയ കഥ കേൾക്കുമ്പോൾ, തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോൾ സ്ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറുപ്പ്’ എന്നു കുറിച്ചുകൊണ്ട് ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ സിദ്ധിഖിന്റെ ചിത്രം വെച്ചുകൊണ്ടുള്ള ട്രോളാണ് താരം തന്റെ ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്. ‘3-4 കഥകൾ പ്രാരാബ്ധവും കടവുമൊക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മൾ പൊളിക്കും’ എന്നാണ് സൈജു കുറുപ്പ് ട്രോൾ പങ്കുവെച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സൈജുവിന്റെ പോസ്റ്റിന് താഴെ അഭിലാഷ് പിള്ള കമൻറ്റുമായും എത്തി.മാളികപ്പുറം 2-ൽ ഞാൻ പറയാം കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം’ എന്നാണ് അഭിലാഷ് പിള്ള പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഇതോടെ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന സംശയവുമായി സിനിമാ പ്രേമികളും കമൻറ്റുകളുമായി പോസ്റ്റിന്റെ താഴെ എത്തി.
Discussion about this post