ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളായി പക്ഷാഘാതത്തിനും അദ്ദേഹം ചികിത്സയിലായിരുന്നു. സുബ്രഹ്മണ്യത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് ചെന്നൈയിലെ ബസന്റ് നഗർ ശ്മശാനത്തിൽ നടക്കും.
പാലക്കാട് സ്വദേശിയായിരുന്നു പി സുബ്രഹ്മണ്യമണി. കൊൽക്കത്തയിൽ നിന്നുള്ള മോഹിനിയെ ആണ് അദ്ദേഹം വിവാഹം ചെയ്തത്. 1971 മെയ് ഒന്നിനാണ് അജിത്കുമാറിന്റെ ജനനം. അനൂപ് കുമാർ, അനിൽകുമാർ എന്നിവരാണ് സുബ്രഹ്മണ്യത്തിന്റെ മറ്റ് മക്കൾ.
സുബ്രഹ്മണ്യത്തിന്റെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അജിത് കുമാറിനും കുടുംബാംഗങ്ങൾക്കും ഈ വിയോഗം മറികടക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്നാണ് നടി സാക്ഷി അഗർവാൾ കുറിച്ചത്.










