ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതായി വിവരം. അമൃത്പാലിന് അഭയം നൽകിയതിന്റെ പേരിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബൽജീത് കൗറിൽ നിന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലെ സിസിടിവി ക്യാമറകളിലാണ് അമൃത്പാലിനെ അവസാനമായി കണ്ടിരിക്കുന്നത്. കുരുക്ഷേത്രയിൽ നിന്നാണ് ബൽജീത് കൗറിനെ അറസ്റ്റ് ചെയ്തത്.
അമൃത്പാൽ തന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നും, അയാൾ ഉത്തരാഖണ്ഡിലേക്ക് കടക്കാൻ പദ്ധതി ഇട്ടിരുന്നതായും ബൽജീത് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃത്പാൽ ചിലരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. മറ്റ് ചില നിർണായക വിവരങ്ങളും ഇവർ പോലീസിന് കൈമാറിയെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി അമൃത്പാലിന് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് വരികയാണ്. അമൃത്പാൽ വൈകാതെ തന്നെ ഉത്തരാഖണ്ഡിലേക്ക് പോകാനോ അല്ലെങ്കിൽ അവിടെ ഉണ്ടാകാനോ ഉള്ള സാധ്യത ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അമൃത്പാൽ ഹരിയാനയിലേക്ക് കടക്കുകയായിരുന്നു. 19ാം തിയതിക്ക് ശേഷം ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. അമൃത്പാലിന്റെ 200ലധികം അനുയായികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post