സിയോൾ: പരിധിവിട്ട പ്രകോപനവുമായി ഉത്തരകൊറിയ. ആണവശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായി രാജ്യം അവകാശപ്പെട്ടു. അതീവ അപകടകാരിയായ ഈ ആയുധം ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ സാധിക്കും.
ശത്രുരാജ്യങ്ങളുടെ ജലാശയങ്ങളിൽ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ ഉദ്ദേശിച്ച് കാലങ്ങളായി ഗവേഷണം ചെയ്ത് പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ.പരീക്ഷിച്ച കാര്യം സ്റ്റേറ്റ് മീഡിയ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇങ്ങനെ അറ്റാക്ക് ഡ്രോണിലൂടെ സൃഷ്ടിക്കുന്ന സുനാമിയ്ക്ക് നാവിക സേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു. കൊറിയൻ ഉപഭൂഖണ്ഡത്തിനടുത്ത് യുദ്ധക്കപ്പൽ സംഘത്തെ വിന്യസിക്കാനും മറ്റും യുഎസ് തയാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. നേരത്തെ
നേരത്തെ അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് നടത്തുന്ന സൈനിക അഭ്യാസങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചത്.











