ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ദളിത് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മതപുരോഹിതനെതിരെ കേസ് എടുത്ത് പോലീസ്. ഇൻഡോർ സ്വദേശി രാഹുൽ ബർഗുണ്ടയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഇയാൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച രോഹിത് കനോസിയ നൽകിയ പരാതിയിലായിരുന്നു പോലീസ് കേസ് എടുത്തത്.
പ്രാർത്ഥനയുടെയും രോഗശാന്തിയുടെയും പേരിൽ വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ ചേർന്നായിരുന്നു മതപരിവർത്തന ശ്രമം എന്നാണ് രോഹിതിന്റെ പരാതിയിൽ പറയുന്നത്. തനിക്ക് പുറമേ ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവരെയും പുരോഹിതൻ മതം മാറ്റാൻ ശ്രമിച്ചിരുന്നു. മതം മാറുന്നവർക്ക് പണവും ജോലിയുമായിരുന്നു രാഹുലിന്റെ പ്രധാന വാഗ്ദാനം. ഇതിന് പുറമേ മതം മാറിയാൽ രോഗ പീഡകളിൽ നിന്നും മോചനം ലഭിക്കുമെന്നും രാഹുൽ ആളുകളോട് പറഞ്ഞിരുന്നു. ഇതെല്ലാം വിശ്വസിച്ച ആളുകൾ മതം മാറാൻ തയ്യാറായി രംഗത്ത് വന്നിരുന്നുവെന്നും രോഹിതിന്റെ പരാതിയിൽ പറയുന്നു.
ഒരിക്കൽ താനും ഇവരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. രോഗശാന്തിയുടെ പേരിൽ പങ്കെടുത്ത യോഗത്തിൽ ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങൾ ആയിരുന്നു പുരോഹിതൻ നടത്തിയിരുന്നത്. ഹിന്ദു മതം മോശമാണെന്നും ഒരിക്കലും സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്നും പറഞ്ഞ ഇയാൾ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിച്ചു. ഇതോടെയാണ് ഇവരുടെ ലക്ഷ്യം മതപരിവർത്തനം ആണെന്ന് വ്യക്തമായത് എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ മദ്ധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ് എടുത്തത്. കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഇൻഡോർ പോലീസ് അറിയിച്ചു.
Discussion about this post