യുകെയിലെ കോവൻട്രി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം. എജ്യുക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ തസ്തികകളിലേക്ക് മലയാളി വിദ്യാർത്ഥികൾ വിജയിച്ചു. പഞ്ചമി സതീഷ്, അഖിൽ ഷാ, എന്നിവരാണ് വിജയിച്ചത്. ഇത് കൂടാതെ ഹൈദരാബാദ് സ്വദേശിനിയായ അപർണ ഗോല കമ്യൂണിറ്റി ഓഫീസർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
എജ്യുക്കേഷൻ ഓഫീസർ, വെൽഫെയർ ഓഫീസർ, ആക്ടിവിറ്റി ഓഫീസർ, കമ്യൂണിറ്റി ഓഫീസർ എന്നീ നാല് തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ക്യാമ്പസുകളിൽ നിന്നായി 180 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സ്ഥാനവും ഇന്ത്യൻ വിദ്യാർത്ഥികൾ നേടിയെടുക്കുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കുന്നത്.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ പഞ്ചമി, കോവൻട്രി സർവകലാശാലയിലെ എംഎസ് സി ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്. 838 വോട്ടുകൾക്കാണ് പഞ്ചമി എഡ്യൂക്കേഷൻ ഓഫീസർ സ്ഥാനത്തേക്ക് വിജയിച്ചത്.
എല്ലുകൾ പൊടിയുന്ന രോഗമായ ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ട രോഗബാധിതയാണ് പെൺകുട്ടി. ഉന്നത പഠനങ്ങൾക്കായി 2022 ലാണ് യുകെയിലെത്തിയത്. നിലവിൽ കോവൻട്രി സർവ്വകലാശാലയിൽ സ്റ്റുഡന്റ് അംബാസഡറാണ്. ഹെൽത്ത് ആന്റ് ലൈഫ് സയൻസ്, ഫാക്കൾട്ടി ഓഫ് ബിസിനസ് ആന്റ് ലോ, ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ടോറ്റ് പീയർ മെൻററായി പ്രവർത്തിച്ചുവരികയാണ്.
വെൽഫെയർ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട അഖിൽ ഷാ തിരുവനന്തപുരം സ്വദേശിയാണ്. എംബിഎ പഠനത്തോടൊപ്പം കോവൻട്രി സർവകലാശാലയിൽ പീയർ മെന്ററായും പ്രവർത്തിക്കുന്നുണ്ട്.











Discussion about this post