ന്യൂഡൽഹി : രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ എംപിമാരെ അയോഗ്യരാക്കണമെന്ന നിയമമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകാൻ കാരണമായത്. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരാൻ വഴിയൊരുക്കിയതാകട്ടെ മലയാളിയായ ഒരു വനിതാ അഭിഭാഷകയും. ലില്ലി തോമസിന്റെ പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ എംപിമാരെ അയോഗ്യരാക്കണമെന്ന പൊതുതാത്പര്യ ഹർജിയാണ് ലില്ലി സമർപ്പിച്ചത്. നിയമനിർമാണ സഭകളിലിരുന്ന് നിയമം നിർമിക്കേണ്ടത് ക്രിമിനലുകളല്ല എന്നതായിരുന്നു ലില്ലിയുടെ വാദം. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് അപ്പീൽ കാലയളവിൽ അയോഗ്യത ഇല്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ 2013-ലെ സെക്ഷൻ 8(4) വകുപ്പ് എടുത്തുകളഞ്ഞത് ലില്ലി തോമസിന്റെ നിരന്തര പോരാട്ടങ്ങൾക്കൊടുവിലാണ്. ഇതോടെ രണ്ട് വർഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികൾ അയോഗ്യരായി മാറി.
എന്നാൽ ഈ വിധി മറികടക്കാൻ യുപിഎ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും അത് കീറിയെറിഞ്ഞത് രാഹുൽ ഗാന്ധി തന്നെയായിരുന്നു. തുടർന്ന് അതിൽ നിന്ന് മൻമോഹൻ സിംഗ് സർക്കാരിന് പിന്മാറേണ്ടി വന്നു.
60 വർഷത്തോളം സുപ്രീം കോടതിയിൽ പ്രവർത്തിച്ച അഭിഭാഷകയാണ് ലില്ലി ഇസബെൽ തോമസ്. 1955ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായാണ് സേവനം തുടങ്ങിയത്. 1960 ലാണ് സുപ്രീംകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങുന്നത്. സുപ്രീംകോടതിയിലെ ആദ്യ മലയാളി വനിത അഡ്വക്കറ്റ് ഓൺ റൊക്കോർഡസ് ആയിരുന്നു ലില്ലി. ഇവരുടെ ആദ്യ പൊതുതാത്പര്യ ഹർജിയും സുപ്രീം കോടതിയിൽ കേസുകൾ ഫയൽ ചെയ്യണമെങ്കിൽ അഡ്വക്കറ്റ് ഓൺ റെക്കോർഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയ്‌ക്കെതിരെയായിരുന്നു.
ഇത്തരമൊരു പരീക്ഷക്ക് അഭിഭാഷകരെ വിധേയരാക്കാൻ കോടതിക്ക് അധികാരമില്ലെന്ന് പറഞ്ഞ ലില്ലി, എല്ലാ അഭിഭാഷകർക്കും രാജ്യത്തെ എല്ലാ കോടതികളിലും വാദിക്കാമെന്നും ബോധിപ്പിച്ചു. എന്നാൽ കേസിൽ ലില്ലി തോറ്റു. പിന്നീട് പണമില്ലാത്തവരുടെയും അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരുടെയും വക്കീലായി ലില്ലി തോമസ് മാറി.
ജീവിത സായാഹ്നത്തിലും എല്ലാ ദിവസവും കോടതിയിൽ പോയി ജോലി ചെയ്തിരുന്നു ലില്ലി സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന വനിതാ അഭിഭാഷകയായിരുന്നു. 2019ൽ 91-ാം വയസ്സിലാണ് അന്തരിച്ചത്.
Discussion about this post