കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം ശക്തമായ പ്രതിഷേധത്തിലാണ് ഇടത് നേതാക്കളും. ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിച്ചു കൊണ്ട് ബസ്സിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ സിപിഎം രാജ്യ സഭ എം.പിമാരായ വി.ശിവദാസനും എ.എ. റഹിമും പ്രതിഷേധത്തിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ട്രോളന്മാർക്ക് ചാകരയായത്.
കോൺഗ്രസ് നേതാക്കളോടൊപ്പം വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന റഹീമിന്റെയും ഡോ വി ശിവദാസന്റെയും വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. അതോടൊപ്പം രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. ”ജെപിസി ജെപിസി” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച റഹീം, ” രാഹുൽ ഗാന്ധി സിന്ദാബാദ് ” എന്ന് കേട്ടതോടെ വായ പൊത്തി തലയും കുനിച്ചിരിക്കുകയാണ് ചെയ്തത്. ശിവദാസനാണെങ്കിൽ ” എനിക്കൊന്നും അറിയാൻ പാടില്ല സാറെ ” എന്ന മട്ടിലാണ് ഇരിപ്പ്.
വീഡിയോ വൈറലായതോടെ ട്രോളുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ എന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കേരളത്തിൽ വന്ന് കോൺഗ്രസിനെതിരെ പ്രസംഗിക്കുന്ന നേതാക്കൾ ഇപ്പോൾ തലസ്ഥാനത്ത് പോയി അവർക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുകയാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Discussion about this post