ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 1500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. ആകെ രോഗബാധിതരുടെ 26 ശതമാനവും കേരളത്തിലാണ്.
ഫെബ്രുവരി രണ്ടാം വാരം മുതലാണ് രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരാൻ തുടങ്ങിയത്. ജനുവരി മുതൽ മാർച്ച് വരെ പകർച്ചവ്യാധികൾ കൂടുതലാകുന്ന കാലമായതിനാൽ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ, തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താനും തീരുമാനമായി.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഒന്നിലധികം അസുഖങ്ങൾ ഉള്ളവരും പ്രായമായവരും തിരക്കേറിയതും വായു സഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിരക്കേറിയ ഇടങ്ങളിലും അടച്ചിട്ട കെട്ടിടങ്ങൾക്കുള്ളിൽ മാസ്ജ് ധരിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്കായി നൽകുന്നു.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ പരിശോധനകൾ നടത്തുക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം നൽകുന്നു.
Discussion about this post