എറണാകുളം: കസ്റ്റഡിയിലെടുത്ത ഗൃഹനാഥൻ മരിച്ച സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ഹിൽപാലസ് സ്റ്റേഷനിലെ ജൂനിയർ എസ്‌ഐ ജിമ്മി ജോസിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണറാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡിയിൽ എടുത്തതിന് ശേഷം ജിമ്മി മനോഹരനെ മർദ്ദിച്ചതായി നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ സംഭവത്തിൽ നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ഇതോടെയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് മനോഹരനെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും മനോഹരൻ ഇരു ചക്രവാഹനം നിർത്തിയില്ല. ഇതേ തുടർന്ന് മനോഹരനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹെൽമറ്റ് അഴിച്ച ഉടനെ എസ്‌ഐ മനോഹരന്റെ മുഖത്ത് അടിച്ചു. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കസ്റ്റഡിയിലിരിക്കേ സ്‌റ്റേഷനുള്ളിൽ മനോഹരൻ കുഴഞ്ഞു വീണു. ഉടനെ പോലീസുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ ഹിൽപാലസ് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.












