മലയാള സിനിമയിൽ ചിരിയുടെ വിസ്മയം തീർത്ത നടനും മുൻ എംപിയുമായും ഇന്നസെന്റ് അന്തരിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാത്രിയോടെ ലേക് ഷോർ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരുനോക്ക് കാണാൻ മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേർ ലേക്‌ഷോർ ആശുപത്രിയിൽ എത്തിയിരുന്നു. ദിലീപ്, ജയറാം, മധുപാൽ എന്നിവരുൾപ്പെടെ നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. ഇന്നസെന്റിന്റെ വിയോഗം സഹിക്കാനാകാതെ ജയറാം പൊട്ടിക്കരയുകയായിരുന്നു.
നേരത്തെ ഇടവേള ബാബുവും ഇന്നസെന്റിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മന്ത്രിമാരായ സജി ചെറിയാനും, പി രാജീവും ആർ ബിന്ദുവും ആശുപത്രിയിലേക്ക് നേരിട്ടെത്തിയിരുന്നു.
മൃതദേഹം നാളെ രാവിലെ 8 മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വെെകുന്നേരം 5:30 ന് സെൻ്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം ചടങ്ങുകൾ നടക്കുക.












