അമൃത്സർ: ഖാലിസ്ഥാൻ വാദിയും പഞ്ചാബ് വാരിസ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അടുത്ത സഹായിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. തേജീന്ദർ സിംഗ് ഗിൽ ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ അമൃത്പാലിന് അഭയം നൽകിയതിന് പുറമെ പല സഹായങ്ങളും ചെയ്ത് നൽകിയത് ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഏറെ നാൾ അമൃത്പാലിന്റെ സുരക്ഷ ഇയാൾ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് തേജീന്ദർ.
തോക്കും മറ്റ് മാരകായുധങ്ങളും കയ്യിൽ പിടിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങളും ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അമൃത്പാലിന്റെ സംഘത്തിലെ പ്രധാനിയാണ് ഗൂർഖ ബാബ എന്ന തേജീന്ദർ സിംഗ് ഗിൽ. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചില നിർണായക വീഡിയോകൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തേജീന്ദറിനൊപ്പം മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് പഞ്ചാബ് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഖാലിസ്ഥാൻ അനുകൂലികൾ വ്യാപകമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബതീണ്ട എസ്എസ്പി ഗുൽനീത് ഖുറാന പറഞ്ഞു. ഇയാൾ ഉത്തരാഖണ്ഡിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വി മുരുകേശൻ അറിയിച്ചു.
Discussion about this post